പോസ്റ്റുകള്‍

എങ്ങോട്ട് ?

 ഘടികാരത്തെ വലം വച്ചുള്ള ജീവീതയാത്രകള്‍..ഞങ്ങളിലൊരാള്‍ക്ക് ഔദ്യോഗികചങ്ങലപ്പൂട്ടില്‍ നിന്ന് മോചനമായതോടെ ദൂരങ്ങളിലേക്ക് കണ്ണുപായിക്കാനായി.പോകാനാകുന്നേടത്തൊക്കെ പോകണം.പക്ഷേ , ചെറുപ്പത്തിന്റെ ചുറുചുറുക്കൊക്കെ കൈമോശം വന്നില്ലേ ? റിസ്കുകളില്‍ ആവേശമല്ല ,ആശങ്കകളാണ്..   അങ്ങനെ ഒരു ഡെസ്റ്റിനേഷന്‍ ടൂറിസത്തിന്റെ വലക്കണ്ണികളില്‍ അറിഞ്ഞുകൊണ്ടുതന്നെ ചെന്നു കുടുങ്ങിക്കൊടുത്തു.    നല്ലൊരു തുക വര്‍ഷാവര്‍ഷം  അടച്ചാല്‍ പലപല ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ നിശ്ചിതദിവസങ്ങള്‍ താമസിയ്ക്കാം.അങ്ങനെ മാറ്റിക്കെട്ടുന്ന കുറ്റികളില്‍ കറങ്ങിത്തിരിയുന്ന മാടുകളെ പോലെ ഞങ്ങളുടെ ജീവിതസായാഹ്നയാത്രകള്‍..     നാലുകണ്ണുകള്‍ ചെന്നെത്തുന്ന കാഴ്ചകള്‍ ഏറെക്കുറെ ഒന്നുതന്നെയെങ്കിലും കാണുന്നതും മനസ്സില്‍ തങ്ങുന്നതും ഏറെ വിഭിന്നമെന്നതും കൗതുകകരം..ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോകാതിരിയ്ക്കാന്‍ ഡയറിത്താളുകളില്‍ പകര്‍ത്തതിവച്ച യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ..                 

പ്രാര്‍ത്ഥന

 എന്തും തുടങ്ങേണ്ടത് പ്രാര്‍ത്ഥനയോടെയാകണം എന്നാണ് ശീലിച്ചത്.എവിടെ പ്രാര്‍ത്ഥനയുടെ ലക്ഷ്യം ?.മുകളിലേക്കും താഴോട്ടും നാലുവശങ്ങളിലേക്കും നോക്കി.കാണാനായില്ല .. ഉറ്റുനോക്കുന്ന കണ്ണുകളെ , കൂര്‍പ്പിച്ചിരിയ്ക്കുന്ന കാതുകളെ,നീട്ടിപ്പിടിച്ചിരിയ്ക്കുന്ന സഹായഹസ്തങ്ങളെ....ഒടുവില്‍ എന്നിലേക്കുതന്നെ ഞാന്‍ നോക്കി..കണ്ടെത്തുകയും ചെയ്തു.ഞാന്‍ തേടുന്നതെല്ലാം ഇരിയ്ക്കുന്നത് എന്നില്‍തന്നെ !  ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നത് എന്നോടുതന്നെ.... ഇന്നലെകള്‍ മറവിയില്‍ മൂടാതിരിയ്ക്കുവാന്‍... കണ്ണുകള്‍ അടഞ്ഞുപോകാതിരിയ്ക്കുവാന്‍.. കാതുകള്‍ അലസരാകാതിരിയ്ക്കുവാന്‍... ഉള്‍ക്കണ്ണാല്‍ നന്മകള്‍ തേടുവാന്‍.. ഉണര്‍വ്വില്‍ ,ഉണ്‍മയില്‍ കര്‍മ്മമെന്തെന്നറിയുവാന്‍.. കര്‍മ്മനിരതയായെന്നെയറിയുവാന്‍... നിശാസ്വച്ഛത സാന്ത്വനമാകുവാന്‍.. പകര്‍ന്നുകൊടുക്കുന്ന സ്നേഹത്തിന്റെയും പകര്‍ന്നുകിട്ടുന്ന സ്നേഹത്തിന്റെയും നെയ്മിനുപ്പില്‍ ജീവിതം തിളക്കമാര്‍ന്നു നീളെപ്പോകുവാന്‍...